കയ്പമംഗലം വാഹനാപകടം: ഒളിവിൽ പോയ പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ
തൃശ്ശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടുപേർ മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ലോറി ഡ്രൈവർ പിടിയിലായി. പുണെ സ്വദേശിയായ ദൂക്കാറാം കംപ്ലയെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. ശനിയാഴ്ച പുലർച്ചെ അപകടം നടന്നയുടൻ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം കയ്പമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചത്.
ശനിയാഴ്ച പുലർച്ചെ 12 മണിയോടെ ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയാണ് ദുരന്തമുണ്ടായത്. ആറുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. അപകട സമയത്ത് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണർത്തിയത്. തുടർന്ന് ഇയാൾ വണ്ടി മാറ്റിയിട്ട ശേഷം കടന്നുകളയുകയായിരുന്നു.
റോഡ് നിർമാണവുമായി ബന്ധമില്ലാത്ത ചരക്കുലോറി തെറ്റായ ദിശയിലും ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിലും അലക്ഷ്യമായി നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കി. അപകട സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് മന്ത്രി ഒ. ജെ. ജനീഷും അറിയിച്ചു. പിടിയിലായ ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
