കൈപ്പമംഗലം വാഹനാപകടം: വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി; അന്വേഷണം പ്രത്യേക സംഘത്തിന്;
എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കൈപ്പമംഗലം വാഹനാപകടത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. തമിഴ്നാട്ടിലടക്കം എത്തി സംഘം അന്വേഷണം നടത്തും.
അപകടത്തിന് മുമ്പ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാരുമായി തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് തളിക്കുളം പത്താംകല്ലിൽ വച്ച് സംഘർഷമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇവിടെനിന്ന് അതിവേഗത്തിൽ വാഹനമോടിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടകരമായ സാഹചര്യത്തിൽ ലോറി നിർത്തിയിട്ടതും അപകടത്തിന് കാരണമായതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ദേശീയപാത അതോറിറ്റിയെയും രണ്ട് ലോറി ഡ്രൈവർമാരെയും കേസിൽ പ്രതികളാക്കും. ഗതാഗത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ദേശീയപാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പ്രത്യേക സംഘം പരിശോധിക്കും.അപകടത്തിന് പിന്നാലെ രണ്ട് ഡ്രൈവർമാരും ലോറികൾ സഹിതം രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞതായും ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
