കളമശ്ശേരി സ്പാ പീഡനം: അതിജീവിതയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും
കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. പൊലീസ് ഇന്നലെ രാത്രി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവരുടെ വിവരങ്ങൾ അതിജീവിത പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വെള്ളത്തിൽ കലർത്തി യുവതിയെ കുടിപ്പിച്ചെന്നാണ് ഭർത്താവിന്റെ ആരോപണം. പണം വാങ്ങി കേസിൽ നിന്ന് പിന്മാറുന്നു എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഭർത്താവ് അഭ്യർത്ഥിച്ചു. ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഇനി ഒരാൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതികൾക്ക് ഗുണ്ടാബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. സ്പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുന്നതും പരിഗണനയിലുണ്ട്.
ഒക്ടോബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. സ്പായിലെ മാനേജർ ജോലിക്കായുള്ള അഭിമുഖത്തിന്റെ പേരിലാണ് യുവതിയെ വിളിച്ചുവരുത്തിയത്. ഓൺലൈനിൽ നൽകിയ ജോലി പരസ്യം കണ്ടാണ് യുവതി അപേക്ഷിച്ചത്. അഭിമുഖത്തിന് ശേഷം ജോലി ലഭിച്ചെന്ന് പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്പായിലെത്തിയ യുവതിയെ പ്രതികൾ പീഡിപ്പിച്ചെന്നാണ് പരാതി. പിറ്റേ ദിവസമാണ് യുവതി അവിടെനിന്ന് പുറത്തുകടന്നത്. തുടർന്ന് ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന രണ്ടാം പ്രതി ശരണ്യ, നാലാം പ്രതി ജിതിൻ എന്നിവരെയും വയനാട് പുൽപ്പള്ളിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
