കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ നാലായി; രക്ഷാപ്രവർത്തനം തുടരുന്നു
വയനാട് മേപ്പാടിക്ക് സമീപം കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം നാലായി. ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും ചിലർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നു.
ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.15 ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും 20 ആംബുലൻസുകൾ കൂടി എത്തുമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.ചുളിക്ക ഗവ. എൽ.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മണ്ണിടിച്ചിൽ ബാധിച്ച പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.പ്രദേശവാസികളിൽ ആരെങ്കിലും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. മണ്ണ് നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും നിർമ്മാണ കമ്പനി ഇത് പാലിച്ചില്ലെന്നും ടൗൺഷിപ്പിലെ മണ്ണ് അടിയന്തരമായി നീക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കള്ളാടിയിൽ രാവിലെ മാത്രം 226 മില്ലിമീറ്റർ മഴ ലഭിച്ചതായും മുന്നറിയിപ്പുകളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
