കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം; നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

  1. Home
  2. Kerala

കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം; നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

t sidhique


വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി കൈമാറും.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപത് പേരിൽ ആറ് പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകും. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റ് മൂന്ന് പേർക്ക് രണ്ടര ലക്ഷം രൂപയേക്കാൾ കൂടിയ തുക സഹായമായി നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത പശ്ചാത്തലത്തിൽ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ പുനഃസ്ഥാപിക്കും. ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.