കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: നാലാം ദിന തിരച്ചിൽ ഒന്ന്, രണ്ട് സോണുകൾ കേന്ദ്രീകരിച്ച്; നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

  1. Home
  2. Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: നാലാം ദിന തിരച്ചിൽ ഒന്ന്, രണ്ട് സോണുകൾ കേന്ദ്രീകരിച്ച്; നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

kalladi


കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. ശനിയാഴ്ച നടക്കുന്ന തിരച്ചിലിൽ ഒന്ന്, രണ്ട് സോണുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവലോകന യോഗത്തിലെ തീരുമാനം. മന്ത്രി ടി. സിദ്ദിഖ്, വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരച്ചിൽ ഊർജ്ജിതമാക്കാനുള്ള പുതിയ ആസൂത്രണം നടത്തിയത്.

ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) 70 പേരും, 110 അഗ്നിരക്ഷാ സേനാംഗങ്ങളും, പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും (SOG), സന്നദ്ധസംഘടനാ പ്രവർത്തകരും ചേർന്നാണ് സംയുക്ത തിരച്ചിൽ നടത്തുന്നത്. ദുരന്തത്തിൽ ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആകെ 18 പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രാ നിയന്ത്രണങ്ങളും പരിശോധനയും

ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അനാവശ്യ സന്ദർശകർ എത്തുന്നത് തടയാൻ പോലീസ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേപ്പാടി ടൗൺ, ഒന്നാംമൈൽ, മേപ്പാടി പോളിടെക്‌നിക് എന്നിവിടങ്ങളിൽ വിപുലമായ പോലീസ് പരിശോധനയുണ്ട്. വിവിധ സ്റ്റേഷനുകളിൽ നിന്നായി ഡിവൈ.എസ്.പി., ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ നൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ-നിയന്ത്രണ ചുമതലകൾക്കായി വിന്യസിച്ചിരിക്കുന്നത്.

മീനാക്ഷി പാലത്തിൽ കയർകെട്ടി പോലീസ് ഗതാഗതം പൂർണ്ണമായും നിയന്ത്രിച്ചിട്ടുണ്ട്. നിലവിൽ പ്രാദേശികവാസികളെയും ഔദ്യോഗിക രക്ഷാപ്രവർത്തകരെയും മാത്രമേ പാലത്തിന് മറുകരയിലേക്ക് കടത്തിവിടുന്നുള്ളൂ. ചൂരൽമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. (KSRTC) ബസുകൾ മീനാക്ഷിപ്പാലം കടത്തിവിടുന്നില്ല. ബസിലെത്തുന്ന യാത്രക്കാരെ താഞ്ഞിലോട് മുസ്‌ലിം പള്ളിക്ക് സമീപം ഇറക്കിയ ശേഷം പ്രത്യേക ജീപ്പുകളിലാണ് പാലത്തിന്റെ മറുകരയിൽ എത്തിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനങ്ങൾ

മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 49 കുടുംബങ്ങളിലെ 132 പേരാണ് താമസിക്കുന്നത്. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, വസ്ത്രം, മരുന്നുകൾ എന്നിവ കൃത്യമായി ലഭ്യമാക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പിൽ സജ്ജീകരിച്ചിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ വഴി ദിവസേന എണ്ണൂറോളം പേർക്കാണ് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത്.