കണ്ണൂർ കാപ്പിമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് മരിച്ചു; ഭർത്താവിനും വാച്ചർക്കും പരിക്ക്
കണ്ണൂർ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണ് മരണപ്പെട്ടത്. അഞ്ജുവിനൊപ്പമുണ്ടായിരുന്ന ഭർത്താവ് കാക്കയംച്ചാൽ സ്വദേശി വാഴപ്പള്ളിയിൽ സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സതീശൻ എന്നിവർക്ക് മിന്നലിൽ പരിക്കേറ്റു. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അവധിദിനത്തിൽ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഭർത്താവുമൊത്ത് കാപ്പിമല മഞ്ഞപ്പുല്ല് സന്ദർശിക്കാൻ എത്തിയതായിരുന്നു അഞ്ജു. ഇവിടെ വെച്ച് പെട്ടെന്ന് ശക്തമായ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ മൂവരെയും കരുവഞ്ചാലിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കനത്ത വേനൽമഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
