കെഎസ്ആർടിസി ബ്രാൻഡിൽ കർണാടകയ്ക്കും അവകാശം; കേരളത്തിന്റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമായി അനുവദിക്കണമെന്നു അറിയിച്ച് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ഇതനുസരിച്ച്, കേരളത്തിനൊപ്പം കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും കെ.എസ്.ആർ.ടി.സി. എന്ന പേര് തുടർന്നും ഉപയോഗിക്കാനാവും.
കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കപ്പേരും ലോഗോയും 2013 ജനുവരിയിൽ കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രിയിൽ കർണാടകം രജിസ്റ്റർ ചെയ്തതോടെയാണ് ഇതിനെച്ചൊല്ലിയുള്ള നിയമയുദ്ധം തുടങ്ങിയത്. 2019-ൽ കേരളവും ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ നേടി. രണ്ടു സംസ്ഥാനങ്ങളുടെ ട്രാൻസ്പോർട്ട് സർവീസുകളും ഒരേ ചുരുക്കപ്പേര് ഉപയോഗിക്കുന്നത് തുടരുകയും ചെയ്തു.
ഇതോടെയാണ് കെ.എസ്.ആർ.ടി.സി. എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുമാത്രമാണെന്ന് കാണിച്ച് കേരളം ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലറ്റ് ട്രിബ്യൂണലിൽ ഹർജി നൽകിയത്. ബൗദ്ധിക സ്വത്തവകാശത്തർക്കങ്ങൾ പരിഹിക്കുന്നതിനുള്ള ട്രിബ്യൂണൽ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതോടെയാണ് അതിലുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് നീങ്ങിയത്. കേരളം 1965-ലാണ് കെ.എസ്.ആർ.ടി.സി. സർവീസുകൾ തുടങ്ങിയത്. ഇത് കഴിഞ്ഞ് പത്ത് വർഷത്തിനുശേഷമാണ് കർണാടകം ട്രാൻസ്പോർട്ട് സർവീസ് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഈ പേരിനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്നായിരുന്നു കേരളത്തിന്റെ വാദം.
നാലു പതിറ്റാണ്ടിലേറെയായി തങ്ങൾ കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം കേരളത്തിന് അറിയാമെന്നും അതിൽ ഇതിനുമുമ്പ് എതിർപ്പ് അറിയിച്ചിട്ടില്ലെന്നും കർണാടകം ചൂണ്ടിക്കാണിച്ചു. വർഷങ്ങളോളം ഇരു കക്ഷികളും ഒരേ ട്രേഡ് മാർക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ കേരളത്തിന്റെ ഹർജി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് വിധിച്ചു.