കരുവന്നൂർ കള്ളപ്പണക്കേസ്: സിപിഎമ്മിന്റെ വാദങ്ങൾ പൊളിച്ച് നേതാക്കളുടെ മൊഴികൾ

  1. Home
  2. Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: സിപിഎമ്മിന്റെ വാദങ്ങൾ പൊളിച്ച് നേതാക്കളുടെ മൊഴികൾ

Karuvannur


കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന്റെ പ്രതിരോധ വാദങ്ങളെല്ലാം പൊളിച്ച് മുഖ്യതെളിവുകളുടെ കൂട്ടത്തിൽ പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും മൊഴികൾ. കരുവന്നൂർ ബാങ്കിൽ പാർട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു വാദിച്ചുകൊണ്ടിരുന്ന ജില്ലാ കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്ക‍‍ുന്നതാണ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവിന്റെയും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. പീതാംബരന്റെയും മൊഴികൾ. പാർട്ടിക്കു കരുവന്നൂർ ബാങ്കിൽ ഒന്നിലേറെ അക്കൗണ്ടുകളുണ്ടായിരുന്നതായി പീതാംബരൻ മൊഴി നൽകിയതായി ഹൈക്കോടതിയിൽ ഇ.ഡി സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബാങ്കിൽ അംഗത്വമില്ലാതെയാണു പാർട്ടി അക്കൗണ്ട് തുറന്നതെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. 

സെക്രട്ടറിയായിരിക്കെ തന്റെ പേരിൽ ബാങ്കിൽ പാർട്ടി അക്കൗണ്ട് തുറന്നിരുന്നു എന്നാണു പീതാംബരന്റെ മൊഴി. 2011ൽ പാർട്ടി ഓഫിസ് നിർമാണത്തിനു ഭൂമി വാങ്ങാനും കെട്ടിടം പണിയാനും മറ്റൊരു അക്കൗണ്ട് തുറന്നു. അനർഹർക്കു ബാങ്കിൽ നിന്നനുവദിച്ച വായ്പകളുടെ കമ്മിഷൻ പാർട്ടി ഈ അക്കൗണ്ട് വഴിയാണു വാങ്ങിയിരുന്നത്. അംഗത്വം ഇല്ലാത്ത പൊറത്തിശേരി ലോക്കൽ കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. പാർട്ടി അംഗത്വ ഫീസ്, ജനപ്രതിനിധികളിൽ നിന്നു പിരിക്കുന്ന ലെവി എന്നിവ ഈ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. രമേഷ് പുഴക്കൽ, ജേക്കബ് ചാക്കേരി എന്നിവർക്കു വേണ്ടി ക്രമവിരുദ്ധമായി ഒന്നരക്കോടി രൂപ വായ്പ അനുവദിക്കാൻ ബാങ്ക് വിസമ്മതിച്ചെങ്കിലും സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ആർ.എൽ. ശ്രീലാൽ ഇടപെട്ടു പാസാക്കിച്ചെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.