ദയാവധത്തിന് അനുമതി വേണം; ഹൈക്കോടതിക്കും സർക്കാരിനും അപേക്ഷ നൽകി കരുവന്നൂർ ബാങ്ക് നിക്ഷേപകൻ
ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂരിലെ നിക്ഷേപകൻ ഹൈക്കോടതിയിൽ. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്നാണ് ആവശ്യം. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിനായി സർക്കാരിനെയും സമീപിച്ചിരിക്കുന്നത്.
'കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പെടെ 21 ശസ്ത്രക്രിയകൾ അനുഭവിക്കേണ്ടി വന്നു. കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോൾ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ച് ചെല്ലുമ്പോൾ സിപിഎം നേതാക്കൾ പുലഭ്യം പറയുന്നു. തൊഴിലെടുത്ത് ജീവിക്കാനാകുന്നുമില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണം'- ജോഷി അപേക്ഷയിൽ പറയുന്നു.
കരുവന്നൂർ ബാങ്കിൽ ജോഷിക്കും കുടുംബത്തിനും 90 ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ചികിത്സയ്ക്കും ജീവിതച്ചെലവിനുമായി തുക മുഴുവൻ പിൻവലിക്കണമെന്ന ആവശ്യം ബാങ്ക് നിരസിച്ചതായി ജോഷി പറയുന്നു. കുറച്ച് തുക പലപ്പോഴായി ലഭിച്ചിരുന്നു. ബാങ്കിന്റെ കണക്ക് പ്രകാരം 70 ലക്ഷത്തിലേറെ തുക ഇനിയും നൽകാനുണ്ട്.