കാട്ടാക്കട ആൾമാറാട്ടം; കോളേജ് പ്രിൻസിപ്പാൾ ഷൈജുവിനെ നീക്കി, ഷൈജുവിനും വിശാഖിനുമെതിരെ പരാതി നൽകും

  1. Home
  2. Kerala

കാട്ടാക്കട ആൾമാറാട്ടം; കോളേജ് പ്രിൻസിപ്പാൾ ഷൈജുവിനെ നീക്കി, ഷൈജുവിനും വിശാഖിനുമെതിരെ പരാതി നൽകും

Kerala university kattakada


ആൾമാറാട്ട വിഷയത്തെ തുടർന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ  താൽക്കാലിക പ്രിൻസിപ്പൽ ഡോ. ജി.ജെ.ഷൈജുവിനെ സ്ഥാനത്തുനിന്നു നീക്കി. കേരള സർവകലാശാല സിൻഡിക്കറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി. സർവകലാശാലയെ മനപ്പൂർവം കബളിപ്പിച്ചതിന് പ്രിന്‍സിപ്പൽ ഷൈജുവിനും എസ്എഫ്ഐ നേതാവ് എ.വിശാഖിനും എതിരെ പൊലീസിൽ പരാതി നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ നേതാവായ വിശാഖിന്റെ പേരായിരുന്നു  സർവകലാശാലയിലേക്ക് പ്രിൻസിപ്പൽ അയച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ വിവരങ്ങൾ നൽകുന്നത് കബളിപ്പിക്കലാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നമ്മൽ മാധ്യമങ്ങളോട് പറഞ്ഞു.

അധ്യാപകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ് ഷൈജു ചെയ്തത്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. കോളജ് അതിന് തയ്യാറായില്ലെങ്കിൽ കോളജിന്റെ അംഗീകാരം റദ്ദാക്കും. വിശ്വാസവഞ്ചന കാണിച്ചതിനാൽ 5 വർഷത്തേക്ക് എല്ലാ ചുമതലകളിൽനിന്നും ഷൈജുവിനെ നീക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കോളജുകളിൽനിന്നും അയച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ ലിസ്റ്റ് പരിശോധിക്കും. രേഖകൾ അടിയന്തരമായി അയയ്ക്കാൻ കോളജുകളോട് നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റ് റദ്ദ് ചെയ്തിരിക്കുകയാണ്. വീണ്ടും പ്രസിദ്ധീകരിക്കുമ്പോൾ പരാതി പറയാൻ അവസരം നൽകും.

തിര‍ഞ്ഞെടുപ്പ് മാറ്റിവച്ചതിലൂടെ ഉണ്ടായ നഷ്ടം അധ്യാപകനിൽനിന്ന് ഈടാക്കും. ഇല്ലെങ്കിൽ കോളജ് നൽകേണ്ടി വരും. തെറ്റ് പറ്റിയതായി പ്രിൻസിപ്പൽ സമ്മതിച്ചിട്ടുണ്ടെന്നും വിദ്യാർഥിക്കും അതിൽ പങ്കാളിത്തമുണ്ടെന്നും വിസി പറഞ്ഞു.