കവടിയാർ ഭൂമി തട്ടിപ്പ്: കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ അറസ്റ്റിൽ
കവടിയാർ ജവഹർ നഗറിൽ കോടികളുടെ വീടും സ്ഥലവും വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിയെടുത്ത കേസിൽ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ പൊലീസ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.തിരുവനന്തപുരം ഡിസിസി ഭാരവാഹിയും മുൻ ആറ്റുകാൽ വാർഡ് സ്ഥാനാർഥിയുമാണ് മണികണ്ഠൻ. മണികണ്ഠന്റെ സഹോദരൻ മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിനായി വ്യാജ ആധാരം നിർമിക്കാനുള്ള ഇ- സ്റ്റാംപ് എടുത്തതും റജിസ്‌ട്രേഷൻ ഫീസ് അടച്ചതും മഹേഷിന്റെ ലൈസൻസ് ഉപയോഗിച്ചാണ്. സ്വന്തമായി ലൈസൻസ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ സഹോദരന്റെ ലൈസൻസ് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം.
യുഎസിൽ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അവരിൽ നിന്നാണ് മണികണ്ഠനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
