മുഖ്യമന്ത്രിയാകാൻ കെ.സി വേണുഗോപാലിന് 47 എം.എൽ.എമാരുടെ പിന്തുണ; നിർണ്ണായക വിവരങ്ങൾ പുറത്ത്
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ചയുടെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേരും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. 'ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്' ആണ് എം.എൽ.എമാരുടെ നിലപാട് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന ഐ.സി ബാലകൃഷ്ണൻ പോലും കെ.സി വേണുഗോപാൽ അല്ലെങ്കിൽ രമേശ് ചെന്നിത്തല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായി. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ മോഹൻ, ഉഷ വിജയൻ തുടങ്ങിയവർ വേണുഗോപാലിനെ പിന്തുണച്ചവരുടെ പട്ടികയിലുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എട്ട് എം.എൽ.എമാരും നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ആറ് പേരും മാത്രമാണ് പിന്തുണച്ചത്.
വി.ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് നിലപാട് വ്യക്തമാക്കിയപ്പോൾ കെ.സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നു. 63 എം.എൽ.എമാർക്ക് പുറമെ എം.പിമാരുമായും മറ്റ് മുതിർന്ന നേതാക്കളുമായും നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ചർച്ചകൾ നടത്തിയിരുന്നു. മൂന്ന് മുൻ കെ.പി.സി.സി അധ്യക്ഷന്മാർ വി.ഡി സതീശനെ പിന്തുണച്ചപ്പോൾ മറ്റ് മുതിർന്ന നേതാക്കൾ വേണുഗോപാലിന് പിന്നിൽ അണിനിരന്നു. നിരീക്ഷകർ ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഈ ആഴ്ച അവസാനത്തോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
