ബജറ്റ്; കേരളാ ഡിജിറ്റൽ സർവകലാശാലയിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനം

  1. Home
  2. Kerala

ബജറ്റ്; കേരളാ ഡിജിറ്റൽ സർവകലാശാലയിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനം

kn balagopal



കേരളാ ഡിജിറ്റൽ സർവകലാശാലയിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനം നടത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്രൊസസർ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സർവ്വകലാശാലയാണ് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയെന്നും ഇതിനകം 16 പേറ്റന്റുകൾ സർവകലാശാലയ്ക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'ന്യൂറോ സയൻസിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ ഡിജിറ്റൽ സർവകലാശാലയിൽ ബ്രയിൻ കമ്പ്യൂട്ടിങ് ലാബ് സ്ഥാപിച്ചു. നൊബേൽ സമ്മാന ജേതാവും ഗ്രാഫീന്റെ ഉപജ്ഞാതാവുമായ സാർ ആന്ദ്രെ ഗെയിം ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ വിസിറ്റിങ് പ്രൊഫസറായി ചേർന്നത് നേട്ടമാണ്.' ബാലഗോപാൽ പറഞ്ഞു.

'സ്ഥാപിതമായി മൂന്നുവർഷത്തിനകം 200 കോടി രൂപയുടെ സഹായം ദേശീയ, അന്തർദേശീയ ഏജൻസികളിൽ നിന്ന് സമാഹരിക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 80-ൽ അധികം സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതുവഴി ഹാർഡ് വെയർ ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇൻക്യുബേറ്ററായി മാറാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് കഴിഞ്ഞു.' -ധനമന്ത്രി പറഞ്ഞു.

'250 കോടി രൂപയുടെ വികസന പദ്ധതികൾ ഡിജിറ്റൽ സർവകലാശാലയിൽ നടപ്പിലാക്കും. പ്രവർത്തനം തുടങ്ങി ആദ്യവർഷം മുതൽ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ വായ്പ്പയെടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി നൽകും. വായ്പ്പകൾക്ക് സർക്കാർ പലിശയിളവ് സഹായം നൽകും.' -ബാലഗോപാൽ പറഞ്ഞു.

'ഓക്സ്ഫോർഡ് സർവകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഓക്സ്ഫഡ് സർവകലാശാലയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരളാ സ്പെസിഫിക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.' -ധനമന്ത്രി പറഞ്ഞു.

'കേരളാ ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പി.എച്ച്.ഡിക്ക് ചേരാൻ കഴിയും. പി.എച്ച്.ഡി. പൂർത്തിയാക്കുന്നവർ കേരളത്തിൽ മടങ്ങിയെത്തി അടുത്ത മൂന്നുവർഷം നാടിന്റെ വികസനത്തിന് സംഭാവനകൾ നൽകണമെന്ന വ്യവസ്ഥ ഇതിന്റെ ഭാഗമായി ഉണ്ടാകും. പ്രത്യേക സ്‌കോളർഷിപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപ വകയിരുത്തുന്നു. കേരളാ ഡിജിറ്റൽ സർവകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് മധ്യ മേഖലകളിലായി ആരംഭിക്കും. ഇതിനായുള്ള സ്ഥലം പിന്നീട് തീരുമാനിക്കും.' -കെ.എൻ. ബാലഗോപാൽ പറഞ്ഞു.