വിഴിഞ്ഞത്ത് 2000 കോടി രൂപയുടെ ബൃഹത്തായ പൊതുമേഖലാ ലോജിസ്റ്റിക്സ് പദ്ധതിയുമായി കേരള സർക്കാർ
സംസ്ഥാനത്തിന്റെ സമുദ്ര-വ്യാവസായിക കുതിപ്പിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഐ.ഒ.സി.എൽ (IOCL), കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) എന്നീ മൂന്ന് പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന കരാറുകൾ ഒപ്പിട്ടത്. വിഴിഞ്ഞത്തെ വെറുമൊരു തുറമുഖം എന്നതിനപ്പുറം പൂർണ്ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് ഈ 2000 കോടി രൂപയുടെ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (PPP) തുറമുഖം പ്രവർത്തിക്കുമ്പോഴും, അതിനനുബന്ധമായ തന്ത്രപ്രധാന സംവിധാനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്ന 'കേരള മാതൃക'യാണ് ഇവിടെ നടപ്പിലാക്കുന്നത്. കപ്പലുകൾക്കാവശ്യമായ ഇന്ധനം, ചരക്ക് നീക്കത്തിനുള്ള റെയിൽ ഗതാഗതം, വെയർഹൗസിങ് സംവിധാനങ്ങൾ എന്നിവ പൊതുമേഖലയിൽ ഉറപ്പാക്കുന്നതിലൂടെ ചരക്ക് കൈമാറ്റത്തിലെ കുത്തകവൽക്കരണം തടയാനും വ്യാപാരികൾക്ക് ന്യായമായ നിരക്ക് ലഭ്യമാക്കാനും സാധിക്കും. തുറമുഖാധിഷ്ഠിത വ്യവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ വി.ഐ.എസ്.എൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 700 കോടി രൂപയുടെ ബങ്കറിങ് സൗകര്യങ്ങളാണ് ഐ.ഒ.സി.എൽ ഒരുക്കുന്നത്, ഇതോടെ വിഴിഞ്ഞം ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഇന്ധന ഹബ്ബായി മാറും. രാജ്യമെമ്പാടും ചരക്ക് എത്തിക്കാനുള്ള റെയിൽ സംവിധാനങ്ങൾക്കായി കോൺകോർ 600 കോടി രൂപയും, അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കിനായി സി.ഡബ്ല്യു.സി 700 കോടി രൂപയും മുതൽമുടക്കും. സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെ നിർമ്മിക്കുന്ന ഈ പാർക്കിൽ വലിയ കോൾഡ് സ്റ്റോറേജുകളും കയറ്റുമതി യൂണിറ്റുകളും സജ്ജീകരിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ, വിസിൽ എം.ഡി. ഡോ. ദിവ്യ എസ് അയ്യർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
