കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

  1. Home
  2. Kerala

കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

hc kerala


ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും ചോദ്യവുമായി ഹെെക്കോടതി.കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവത്തിലാണ് ഹെെക്കോടതിയുടെ ചോദ്യം. സംഭവം  ഞെട്ടിക്കുന്നതെന്ന് കോടതി പറഞ്ഞു.   

സംഭവിക്കാൻ പാടില്ലാതതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ടായി നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നല്‍കി. നാളെ തന്നെ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസിന്‍റെ വിശദാംശങ്ങളും തേടി. വിഷയം നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.  സംഭവത്തിൽ നാല് കെഎസ്ആർടി സി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു.

കാട്ടാക്കടയിൽ  വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കാട്ടാക്കട ഡിവൈഎസ്പി അനിലിന്‍റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.