കേരളം ഭരിക്കുന്നത് സംഘപരിവാർ ബി ടീമെന്ന് എം.വി. ഗോവിന്ദൻ; പിണറായിയെയും റിയാസിനെയും വേട്ടയാടുന്നു
കേരളത്തിലെ യു.ഡി.എഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും കേന്ദ്ര ഏജൻസികളുമായി ചേർന്ന് എൽ.ഡി.എഫ് നേതാക്കളെ വേട്ടയാടുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മോദിയും വി.ഡി. സതീശനും ഇ.ഡിയും ചേർന്ന പ്രത്യേക കൂട്ടുകെട്ടാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രാജ്യത്തൊങ്ങും കാണാത്ത പിന്തുണയാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സി.എം.ആർ.എൽ കേസ് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയതാണ്. ഭീഷണിപ്പെടുത്തി ഇ.ഡി ഉണ്ടാക്കിയ മൊഴികളെല്ലാം പിന്നീട് പിൻവലിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. യഥാർഥ കുറ്റവാളികളെ അന്വേഷിക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇ.ഡി നടപടികളെ ഭയമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമുതൽ നയപ്രഖ്യാപനത്തിലും ബജറ്റിലും കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കിയത് വരെ ഈ കൂട്ടുകെട്ടിന്റെ തെളിവാണ്. കേന്ദ്രത്തിന്റെ ലേബർ കോഡ് അതേപടി നടപ്പിലാക്കാനുള്ള തീരുമാനം മറ്റൊരു കീഴടങ്ങലാണ്. അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാർ നിലവിലെ യു.ഡി.എഫ് മന്ത്രിസഭയിലുണ്ടെന്നും അവർ വാങ്ങിയ പണം എത്രയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
