ഇ.ഡി നിർദേശത്തിൽ യു.ഡി.എഫ് സർക്കാർ കേസെടുക്കുമോ എന്ന് കേരളം ഉറ്റുനോക്കുന്നു: എം.വി. ഗോവിന്ദൻ
സി.എം.ആർ.എൽ - എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇ.ഡി (ED) നിർദേശം രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്ന ഇ.ഡിയുടെ നിർദേശം യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുമോ എന്നത് കേരളം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി കത്ത് പുറത്തുവിട്ടിരിക്കുന്നത്. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള നിരന്തര പരിശ്രമത്തിന്റെ ഭാഗമാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന കത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് വഴി കരാർ പ്രകാരം നികുതി അടച്ച് നടത്തിയ ഇടപാടുകൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. വീണ പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് ഈ ദുരാരോപണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും ബി.ജെ.പി നേതാവ് ഷോൺ ജോർജും നൽകിയ കേസുകളെല്ലാം സുപ്രീംകോടതി വരെ തള്ളിക്കളഞ്ഞ കാര്യങ്ങളാണ്. കരുവന്നൂരിലേതിന് സമാനമായി നേതാക്കളെ ലക്ഷ്യംവെക്കുന്ന രീതിയാണ് ഇ.ഡി ഇവിടെയും സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലുകൾക്കെതിരെ ദേശീയ തലത്തിൽ എതിർക്കുന്ന കോൺഗ്രസ് ഇതിൽ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
