കേരളത്തിലെ ഇ - വാഹന വില്പനയിൽ 13.66% വർധനവ്; രജിസ്ട്രേഷൻ ഒരു ലക്ഷം കഴിഞ്ഞു

  1. Home
  2. Kerala

കേരളത്തിലെ ഇ - വാഹന വില്പനയിൽ 13.66% വർധനവ്; രജിസ്ട്രേഷൻ ഒരു ലക്ഷം കഴിഞ്ഞു

E vehicle


കേരളത്തിൽ ഈ വർഷം ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പനയിൽ 13.66 ശതമാനം വർദ്ധനവ്. കഴിഞ്ഞ വർഷം ഇത് 6.28 ശതമാനമായിരുന്നു. ഇ-വാഹനങ്ങളുടെ രജിസ്ട്രേഷനും ഒരു ലക്ഷം കഴിഞ്ഞു. പെട്രോൾ കഴിഞ്ഞാൽ വില്പനയിൽ മുന്നിലുണ്ടായിരുന്ന ഡീസൽ വാഹനങ്ങളെ പിന്തള്ളി ഇ-വാഹനങ്ങൾ രണ്ടാം സ്ഥാനത്തെത്തി. 

2022ൽ കേരളത്തിൽ 39,588 ഇ-വാഹനങ്ങളായിരുന്നു നിരത്തിലിറങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസത്തിനിടെ 35,072 ഇ-വാഹനങ്ങൾ നിരത്തിലെത്തി. 29,634 ഇരുചക്രവാഹനങ്ങളും, 5437 കാറുകളും, 110 കെ.എസ്.ആർ.ടി.സി ഇ-ബസുകളുമാണ് നിരത്തിലിറങ്ങിയത്. സ്മാർട്ട് സിറ്റി പദ്ധതിയോട് അനുബന്ധിച്ച് ഇനി  53 ഇ-ബസുകൾ കൂടി പുതുതായി വാങ്ങും. ഇതോടൊപ്പം കേന്ദ്ര പദ്ധതി പ്രകാരം 200 ഇ-ബസുകളും ലഭിക്കും. മോട്ടോർ വാഹന വകുപ്പ് 70 ഇ-കാറുകളും വാങ്ങിയിട്ടുണ്ട്.

സർക്കാർ സബ്സിഡിയും, ഇന്ധന വില വർദ്ധനവും കാരണമാണ് ഇ-വാഹന മേഖല കൂടുതൽ വിപുലീകരിക്കുന്നത്. ഇ-ഓട്ടോകൾ വാങ്ങാൻ 30,000 രൂപ സബ്സിഡിയുണ്ട്. കൂടാതെ ഡീസൽ ഓട്ടോകൾ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനമാക്കാൻ 15,000 രൂപയും സബ്സിഡിയുമുണ്ട്. 2018ൽ കേരള സർക്കാർ ഇ-വാഹന നയം പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ വൈദ്യുത വാഹന മേഖലകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

എന്നാൽ ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം പ്രധാന വെല്ലുവിളി തന്നെയാണ്. കേരളത്തിലൊന്നാകെ വൈദ്യുത തൂണുകളിൽ ചാർജർ സംവിധാനം സജ്ജമാക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. മോട്ടോർവാഹന വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ 1.67 കോടി വാഹനങ്ങളാണുള്ളത്. ഇതിൽ 1.09 കോടിയും ഇരുചക്രവാഹനങ്ങളാണ്.