അശ്ലീല ചിത്രങ്ങൾ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല: ഫെയ്സ്ബുക്കിനെതിരെ ആദ്യമായി കേസെടുത്ത് കേരള പോലീസ്
വനിതാ സൈക്യാട്രിസ്റ്റിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്ന് ഫെയ്സ്ബുക്കിനെതിരെ കേസെടുത്ത് കേരള പൊലീസ്. ഫെയ്സ്ബുക്കിനെതിരെ കേരള പൊലീസ് റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ നോഡൽ ഓഫിസറെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്കും പൊലീസ് കടന്നു.
തിരുവനന്തപുരത്ത് വനിതാ സൈക്യാട്രിസ്റ്റിന്റെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്ത് 3 അശ്ലീലചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. എന്നാൽ ഫെയ്സ്ബുക് പ്രൊഫൈൽ ഹാക്ക് ചെയ്തിരുന്നില്ല. പേജ് മാത്രം ഹാക്ക് ചെയ്തതിനാൽ ഇത് ഡിലീറ്റാക്കാൻ സൈബർ പൊലീസിലെ വിദഗ്ധർക്കു കഴിഞ്ഞില്ല. തുടർന്ന്, ഹാക്ക് ചെയ്തയാളെ കണ്ടെത്താനും, ചിത്രങ്ങൾ ഉടൻ നീക്കം ചെയ്യാനും ഐടി ആക്ട് 79 പ്രകാരം ഫെയ്സ്ബുക്കിന് പൊലീസ് നോട്ടിസയച്ചു.
36 മണിക്കൂറിനുള്ളിൽ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ഫെയ്സ്ബുക് നടപടിയെടുത്തില്ല. ഇതിന് കൃത്യമായി മറുപടിയും നൽകിയിട്ടില്ല. ഇതേ തുടർന്നാണ് ഐടി ആക്ട് പ്രകാരം ഫെയ്സ്ബുക്കിനെതിരെ ക്രിമിനൽ കേസെടുത്തത്.
അതേസമയം ഫെയ്സ്‌ബുക്കിൽ വ്യാജ അക്കൗണ്ടുകളിൽ നിന്നു വ്യക്തികളെ അപമാനിക്കുന്നത് അടക്കമുള്ള സൈബർ കുറ്റകൃത്യങ്ങൾ നടന്നാൽ പൊലീസിന് അക്കൗണ്ട് വിവരങ്ങൾ ലഭിക്കണമെങ്കിൽ ഫെയ്സ്ബുക്കിന്റെ യുഎസിലെ ആസ്ഥാനത്തേക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ കത്തയയ്ക്കണം. രാജ്യങ്ങൾ തമ്മിൽ കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്ന കരാർ പ്രകാരമുള്ള നടപടികളാണിത്. ഇതിന് സിബിഐയാണ് ഇന്ത്യയിലെ നോഡൽ ഏജൻസി. എല്ലാ സൈബർ കേസിലും ഇതു ആവശ്യമായതോടെ പൊലീസും ബുദ്ധിമുട്ടിലാണ്.