രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം; ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലത്തിന്

  1. Home
  2. Kerala

രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം; ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലത്തിന്

KERALA


 

കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ 2024ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്. 


തീരദേശത്തെ ചേര്‍ത്തുപിടിച്ചതിന് ലഭിച്ച അംഗീകാരമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. തീരദേശത്തെ സാമൂഹ്യ വികസനത്തിന്‍റെ കാര്യത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കാനും സര്‍ക്കാര്‍ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനം, മറൈന്‍ ജില്ല എന്നീ  പുരസ്കാരങ്ങളെന്ന് സജി ചെറിയാന്‍ പറഞ്ഞു. കടൽ സമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര വികസനവും, മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 

ഇതിന് ഏറെ പ്രചോദനമാണ് ഈ പുരസ്കാരലബ്ധിയെന്നും മന്ത്രി പറഞ്ഞു. ഈ നേട്ടത്തിനായി കൂട്ടായ പരിശ്രമം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളി സംഘടനകളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.