'സൈബർ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കണം'; പൊലീസിന്റെ 'ക്ലിക്ക്' പദ്ധതി ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
സൈബർ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കാൻ കേരള പൊലീസിന്റെ 'ക്ലിക്ക്' (CLICK) പദ്ധതിക്ക് സാധിക്കട്ടെയെന്ന് പ്രശസ്ത സിനിമാ താരം മമ്മൂട്ടി. കേരള പൊലീസിന്റെ സൈബർ സുരക്ഷാ പദ്ധതിയായ 'ക്ലിക്ക്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുജനങ്ങളിൽ ജാഗ്രതയും അവബോധവും വളർത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കാലത്തെ തട്ടിപ്പുകൾക്കെതിരെ അതീവ ജാഗ്രത വേണമെന്ന് മമ്മൂട്ടി മുന്നറിയിപ്പ് നൽകി. സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടാൻ പൊതുജനങ്ങൾ തയ്യാറാകണം. സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ബി.ടെക്, എം.ടെക് വിദ്യാർത്ഥികളുടെ അറിവും സാങ്കേതിക മികവും സൈബർ സുരക്ഷിതമായ കേരളം കെട്ടിപ്പടുക്കാൻ വലിയ രീതിയിൽ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മമ്മൂട്ടിക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
