ഓണം ആഘോഷമാക്കാൻ കേരളം; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തുടക്കം

  1. Home
  2. Kerala

ഓണം ആഘോഷമാക്കാൻ കേരളം; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തുടക്കം

image


സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തലസ്ഥാനത്ത് തുടക്കമാകും. വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും.

ഉദ്ഘാടനത്തിന് പിന്നാലെ ചലച്ചിത്രതാരം ശോഭനയുടെ നൃത്താവിഷ്‌കാരത്തോടെ കലാപരിപാടികൾക്ക് തുടക്കമാകും. രാത്രി ഏഴ് മുതൽ കെ.എസ്. ഹരിശങ്കറിന്റെ സംഗീതപരിപാടിയും അരങ്ങേറും.

ആഗസ്റ്റ് 30 വരെ നീളുന്ന വാരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 3,000ത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായി പങ്കെടുക്കും. വിവിധ ജില്ലകളിലായി നൂറുകണക്കിന് വേദികളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 8,000ലേറെ കലാകാരന്മാർ ആഘോഷങ്ങളുടെ ഭാഗമാകും.

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ്, ഫ്യൂച്ചർ, കലാ-സാംസ്‌കാരികം, ഭക്ഷണം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്.

സമാപന ദിനമായ ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. കിഴക്കേകോട്ടയിൽ സമാപിക്കുന്ന ഘോഷയാത്രയിൽ 62 സർക്കാർ വകുപ്പുകളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപങ്ങൾ ഉൾപ്പെടെ നൂറിലേറെ കലാരൂപങ്ങളും അണിനിരക്കും. സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയാകും.