മോദിക്കുള്ള ഓണക്കോടിയായി കേരളം കൈത്തറികൊണ്ടുള്ള കുര്‍ത്ത സമ്മാനിക്കും; തയ്യാറാക്കുന്നത് കണ്ണൂരിൽ

  1. Home
  2. Kerala

മോദിക്കുള്ള ഓണക്കോടിയായി കേരളം കൈത്തറികൊണ്ടുള്ള കുര്‍ത്ത സമ്മാനിക്കും; തയ്യാറാക്കുന്നത് കണ്ണൂരിൽ

Modi onakkodi


കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി ഓണക്കോടി സമ്മാനിക്കും. ഹാൻഡ്‍ലൂം ആൻഡ് ടെക്സ്റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെ.എസ്. അനിൽകുമാറിന്റെ നിർദേശം അനുസരിച്ച് കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റി ഓണക്കോടി നെയ്യാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും കേരളം സമ്മാനിക്കുന്ന കുർത്തയ്ക്കുള്ള തുണിയാണ് ഒരാഴ്ചയായി നെയ്ത്തുകാരി വാരത്തെ കെ. ബിന്ദു നെയ്യുന്നത്.
കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്പന ചെയ്തത്. ഇളംപച്ച, വെള്ള, റോസ്, ചന്ദനനിറം എന്നിവയോടൊപ്പം ഇളംതളിരിലയുടെ നിറവും ചേർത്ത് കുത്തനെ വരയോടു കൂടിയാണ് കുർത്ത നെയ്യുക.
അതീവശ്രദ്ധയോടെയുള്ള നെയ്ത്തിൽ ദിവസം മൂന്നുമീറ്റർ തുണിയേ ഒരുക്കാനാവൂ. ദേശീയ കൈത്തറിദിനമായ തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും. ഹാൻടെക്സിന്റെ തിരുവനന്തപുരത്തെ തുന്നൽകേന്ദ്രത്തിലാണ് കുർത്ത തയ്ച്ചെടുക്കുക.