മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ നിന്നും ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ല: മന്ത്രി മോൻസ് ജോസഫ്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്നത് കേരളത്തിന്റെ താല്പര്യം കൂടി പരിഗണിച്ചാണെന്നും ഇതിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട് ബജറ്റിൽ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്. തമിഴ്‌നാടിന് ആവശ്യമായ വെള്ളം നൽകുകയും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന രീതിയിൽ പുതിയ ഡാം നിർമ്മിക്കുക എന്നതുതന്നെയാണ് കേരളത്തിന്റെ നിലപാട്. വിഷയത്തിൽ അഭിപ്രായ സമന്വയത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തമിഴ്‌നാടുമായി കൂടിയാലോചനയ്ക്ക് ശ്രമിക്കുന്നുണ്ടെന്നും, അണക്കെട്ടിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി എൻ. മാരിവിൽസൺ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള കരാറുകളും കോടതിവിധികളും അനുസരിച്ച് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.
