കത്രിക വെക്കലുകൾക്ക് കേരളം വഴങ്ങില്ല, കേന്ദ്രനടപടി അംഗീകരിക്കില്ല; വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്‌കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും, പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻനിശ്ചയിച്ച പ്രകാരം മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല. കലാവിഷ്‌കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
നാല് പലസ്തീൻ സിനിമയുൾപ്പെടെ 19 ലോക സിനിമകൾക്കാണ് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്. സാധാരണ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ എക്സംഷൻ സർട്ടിഫിക്കറ്റോടെയാണ് പ്രദർശിപ്പിക്കാറ്. എന്നാൽ മേള തുടങ്ങി നാല് ദിവസമായിട്ടും ഈ 19 സിനിമകൾ കേന്ദ്രം പരിഗണിച്ചിട്ടില്ല.
