'കേരളയാത്ര'; വികസനം ചർച്ച ചെയ്യാൻ പോഡ്കാസ്റ്റുമായി രമേശ് ചെന്നിത്തല
കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ പുതിയ പോഡ്കാസ്റ്റ് പരമ്പരയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 'കേരളയാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ ഡിജിറ്റൽ സംരംഭം രാഷ്ട്രീയ വിവാദങ്ങൾ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, നാടിന്റെ പുരോഗതിയെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലെയും പ്രാദേശികമായ വികസന സാധ്യതകളും വെല്ലുവിളികളും പോഡ്കാസ്റ്റിലൂടെ ചർച്ച ചെയ്യും. ഓരോ നാടിന്റെയും പ്രത്യേകതകൾക്കനുസരിച്ചുള്ള വികസന മാതൃകകളാണ് ഇതിലൂടെ അവതരിപ്പിക്കുക. രാഷ്ട്രീയത്തിനതീതമായ വികസന സംവാദമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പുതിയ ചുവടുവെപ്പുമായി ചെന്നിത്തല രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ജനങ്ങളുമായി സംവദിക്കാനുള്ള അദ്ദേഹത്തിന്റെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
