ദേശീയപാത തകർന്ന സംഭവത്തിൽ കെ.എൻ.ആർ കൺസ്ട്രക്ഷന് വിലക്ക്, ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി

മലപ്പുറം കൂരിയാട് ദേശീയപാത 66 തകർന്ന സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്ത് കേന്ദ്രം.ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടൻറായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റ്( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കേർപ്പെടുത്തി. കൂടാതെ പദ്ധതിയുടെ പ്രോജക്ട് മാനേജർ എം.അമർനാഥ് റെഡ്ഡിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ് കുമാർ എന്ന ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് അനുസരിച്ചാണ് കരാർ കമ്പനിക്കും കൺസൾട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്. കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
ഈ മാസം 19നാണ് കൂരിയാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ഇതേ തുടർന്ന് ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘമാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്. ഈ സംഘത്തിന്റെ പ്രഥമിക റിപ്പോർട്ട് അനുസരിച്ചാണ് നടപടി.