ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ച് കൊച്ചി സിറ്റി പൊലീസ്;
കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ഏഴര കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ നശിപ്പിച്ചു. കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള വിവിധ ലഹരി മരുന്നുകളാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ കത്തിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. 587 കിലോ കഞ്ചാവ്, രണ്ടര കിലോ എംഡിഎംഎ, നൈട്രോസ്പാം ഗുളികകൾ, ബ്രൗൺ ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കോടതി നടപടികൾ പൂർത്തിയാക്കിയതും ഐഎസ്എൽ റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ച കേസുകളിലെ ലഹരി വസ്തുക്കളുമാണ് നശിപ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന സുരക്ഷാ, പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായാണ് ശാസ്ത്രീയമായി നശിപ്പിക്കാൻ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
