കൊച്ചി മെട്രോ മൂന്നാംഘട്ടം: എയർപോർട്ട് ഭാഗത്ത് ഭൂഗർഭപാതയില്ലെന്ന് കെ.എം.ആർ.എൽ; പ്രചാരണം തെറ്റെന്ന് വിശദീകരണം

  1. Home
  2. Kerala

കൊച്ചി മെട്രോ മൂന്നാംഘട്ടം: എയർപോർട്ട് ഭാഗത്ത് ഭൂഗർഭപാതയില്ലെന്ന് കെ.എം.ആർ.എൽ; പ്രചാരണം തെറ്റെന്ന് വിശദീകരണം

Kochi metro


കൊച്ചി മെട്രോ മൂന്നാം ഘട്ട വികസനത്തിൽ എയർപോർട്ട് ഭാഗത്ത് ഭൂഗർഭപാത ഉണ്ടായിരിക്കില്ലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ആലുവ-അങ്കമാലി പാതയിൽ വിമാനത്താവള ഭാഗത്ത് ഭൂമിക്ക് അടിയിലൂടെയാണ് മെട്രോ പാത കടന്നുപോകുന്നത് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കെ.എം.ആർ.എൽ ഔദ്യോഗികമായി അറിയിച്ചു.

മൂന്നാംഘട്ട നിർമാണത്തിനായി സമർപ്പിച്ച വിശദമായ പദ്ധതി രേഖ (DPR) പ്രകാരം 18.09 കിലോമീറ്റർ ദൂരം പൂർണമായും മേൽപാതയായി (Elevated Route) തന്നെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഡി.പി.ആർ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്കാണ് മൂന്നാംഘട്ട മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. ആലുവ മുതൽ കരിയാട് വരെ റോഡിന് മുകളിലൂടെയും എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയും പാത വരും എന്ന തരത്തിൽ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളാണ് ഇതോടെ കമ്പനി തള്ളിയത്.

പരിഗണനയിലുള്ള നാല് അലൈൻമെന്റുകളിൽ എയർപോർട്ട് വഴിയുള്ള പാതയ്ക്കാണ് മുൻഗണന. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിങ്ങനെ 15 സ്റ്റേഷനുകളാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.