'കൊച്ചി മെട്രോ' പേരുമാറ്റം ആലോചനയിലില്ല, വിഷയം അറിയുന്നത് പത്രവാര്‍ത്തയിലൂടെ: മുഖ്യമന്ത്രി വി ഡി സതീശന്‍

  1. Home
  2. Kerala

'കൊച്ചി മെട്രോ' പേരുമാറ്റം ആലോചനയിലില്ല, വിഷയം അറിയുന്നത് പത്രവാര്‍ത്തയിലൂടെ: മുഖ്യമന്ത്രി വി ഡി സതീശന്‍

vd satheesan


കൊച്ചി മെട്രോ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അതിനെപ്പറ്റി അറിയി​ല്ലെന്നും അത് സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇതുവരെ ആലോചന നടന്നിട്ടില്ല. സര്‍ക്കാരിന്റെ പരിഗണനയിലും ഈ വിഷയമില്ല. സര്‍ക്കാരുമായി ആലോചിക്കാതെ പത്രവാര്‍ത്ത നല്‍കിയതിനോട് പ്രതികരിക്കാനില്ല. സര്‍ക്കാരിന്റെ പരിഗണനയില്‍ അങ്ങനെയൊരു വിഷയമേ ഇല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഭാവിയിലേക്ക് മാറ്റുമോയെന്ന ചോദ്യങ്ങളോട്, എന്തിനാണ് അങ്ങനെ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ പരിഗണനയില്‍ ഇപ്പോള്‍ പേരുമാറ്റം പരിഗണനയിലില്ല. അത് കെഎംആര്‍എല്‍ മാത്രം ആലോചിച്ചാല്‍ പോരല്ലോ. സര്‍ക്കാരും ആലോചിക്കേണ്ടതല്ലേ. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്, അത് തനിക്കറിയില്ല, അത് അവരോട് ചേദിച്ചാലേ അറിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നുരാവിലെ പത്രവാര്‍ത്ത കാണുമ്പോഴാണ് പേരുമാറ്റ വിഷയം അറിയുന്നത്. അങ്ങനെയല്ലല്ലോ അറിയേണ്ടത്. സര്‍ക്കാര്‍ അറിയാതെ അവര്‍ തന്നെത്താനെ ആലോചിച്ചതില്‍ ഞങ്ങളെന്തു ചെയ്യാന്‍ പറ്റും. ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യം പോലുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തത്തിന്റെ സങ്കടങ്ങള്‍ അടക്കം മറന്ന് ഓണത്തിന്റെ ആഘോഷത്തില്‍ ഒത്തുകൂടാന്‍ എല്ലാവരും ശ്രമിക്കുകയാണ്. വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, അതിന്റെ ക്ഷീണമേല്‍പ്പിക്കാതെ സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണമായതുകൊണ്ട് അടുത്ത മാസം ഒന്നാം തീയതി നല്‍കേണ്ട ക്ഷേമപെന്‍ഷന്‍ നേരത്തെ കൊടുത്തു തുടങ്ങിയിരിക്കുകയാണ്. അതു വൈകിയെന്ന് പറയരുത്. മെസി വിവാദത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനം ഉടന്‍ അറിയിക്കുന്നതാണ്. വീണയ്‌ക്കെതിരായ ഇഡി അന്വേഷണം മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതില്‍ ബന്ധപ്പെട്ട ആളുകള്‍ പ്രതികരിക്കട്ടെ. ഒരു അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ കമന്റ് പറയുന്നത് അനൗചിത്യമാണ്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടല്ലോ. അവര്‍ പറയുന്നതും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.