കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികൾ ജില്ലാ സെഷൻസ് കോടതിയുടെ ജനൽ ചില്ല് തകർത്തു

  1. Home
  2. Kerala

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികൾ ജില്ലാ സെഷൻസ് കോടതിയുടെ ജനൽ ചില്ല് തകർത്തു

Kollam collectorate bomb blast


വിചാരണയ്ക്കായി എത്തിച്ച പ്രതികൾ കൊല്ലം ജില്ലാ സെഷൻസ് കോടതിയുടെ ജനൽചില്ല് വിലങ്ങ് ഉപയോഗിച്ച് തകർത്തു. കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളാണ് അക്രമം നടത്തിയത്. ഇന്ന് വൈകീട്ട് മൂന്നോടെയാണ് ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിലുണ്ടായിരുന്ന അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരെ ജില്ലാ കോടതിയിൽ എത്തിച്ചത്.
കോടതി നടപടികൾക്കു ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ജഡ്ജിയെ കാണണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു അതിക്രമം. അക്രമാസക്തരായ പ്രതികൾ കൈവിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽചില്ല് തകർക്കുകയായിരുന്നു. പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ നീക്കിയത്. പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കും. ഇവരെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി.
2016 ജൂൺ 15നാണ് കൊല്ലം കലക്ടറേറ്റിൽ സ്‌ഫോടനം നടന്നത്. കലക്ടറേറ്റിലെ ഒരു വാഹനത്തിനുള്ളിൽ സ്‌ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒരാൾക്കു പരിക്കേറ്റിരുന്നു. 2017 സെപ്റ്റംബർ എട്ടിനു കുറ്റപത്രം സമർപ്പിച്ച കേസിൽ ബേസ് മൂവ്‌മെന്റ് പ്രവർത്തകരാണ് പ്രതികൾ.