കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1,77,13,000 (1.77 കോടി) രൂപ നഷ്ടപരിഹാരം നൽകാൻ ഇഷ്വറൻസ് കമ്പനിയോട് കോടതി ഉത്തരവിട്ടു. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) കോടതിയുടേതാണ് വിധി. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് ഈ നഷ്ടപരിഹാരത്തിന് അർഹരായിട്ടുള്ളത്.
2023 ജൂൺ 5-നായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങവേ തൃശൂർ കൈപ്പമംഗലത്ത് വെച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
