സോണ്‍ടയെ ഒഴിവാക്കിയത് കരാറിൽ നിന്നും വ്യതിചലിച്ചതിനാൽ; വിശദീകരണവുമായി കൊല്ലം മേയർ

സോണ്‍ട ഇന്‍ഫ്രാടെക്ക് കമ്പനിയെ മാലിന്യ സംസ്‌കരണ ടെന്‍ഡറില്‍നിന്ന് ഒഴിവാക്കിയത് കരാറില്‍നിന്ന് വ്യതിചലിച്ചതു കൊണ്ടാണെന്ന് കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ്. കരാറില്‍ സുരക്ഷാനിക്ഷേപം നടത്താൻ തയ്യാറാവാതിരുന്ന കമ്പിനി മുൻകൂറായി 25 ശതമാനം തുകയും ആവശ്യപ്പെട്ടു. കമ്പിനിയെ ഒഴിവാക്കിയത് ഉചിതമായ തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും മേയർ പറഞ്ഞു.
2019-20 ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ സോണ്‍ടയുമായുള്ള കരാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നു. നിശ്ചിതകാലയളവിനുള്ളില്‍ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ആറുകോടി രൂപയോളം അടയ്ക്കണമെന്ന ഗ്രീന്‍ ട്രിബ്യൂണലിന്റെ നിർദേശമുള്ളതിനാൽ 2020-ല്‍ നിലവില്‍ വന്ന ഞങ്ങളുടെ കൗണ്‍സിൽ ആദ്യം പരിശോധിച്ചത് ഈ വിഷയമായിരുന്നു. സോണ്‍ട കമ്പനിയുമായുള്ള കരാറിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ റദ്ദാക്കാൻ തീരുമാനിച്ചെന്ന് മേയർ വ്യക്തമാക്കി.
എന്നാൽ കൊല്ലം കോര്‍പറേഷനിലെ മാലിന്യനീക്കം പദ്ധതിയില്‍ നിന്നും സ്വയം പിന്മാറിയതാണെന്നായിരുന്നു സോണ്‍ട ഇന്‍ഫ്രാടെക്ക് എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള തിങ്കളാഴ്ച വ്യക്തമാക്കിയത്. 17 നഗരങ്ങളിൽ സോണ്‍ടയുടെ പദ്ധതികളുണ്ട്. പക്ഷെ കേരളത്തിൽ മാത്രമാണ് പ്രശ്നങ്ങളുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ 1940 മുതല്‍ കിടക്കുന്ന മാലിന്യം നീക്കാനായിരുന്നു സോണ്‍ട കരാറെടുത്തത്. 6.8 കോടി രൂപ മുടക്കി ഇതിനായി പ്ലാന്റ് സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പുമൂലം പ്രവര്‍ത്തിപ്പിക്കാനായില്ല.
3.74 കോടി രൂപയ്ക്ക് 40,300 ഘനമീറ്റര്‍ മാലിന്യം നീക്കാമെന്നായിരുന്നു കരാര്‍. എന്നാൽ ഡിപ്പോയിൽ 1,12,274 ഘനമീറ്റര്‍ മാലിന്യം ഉണ്ടെന്ന് കണ്ടെത്തിയായതോടെ 10.57 കോടി രൂപ നല്കണമെന്നായി ആവശ്യം. സുരക്ഷാനിക്ഷേപം വെക്കില്ലെന്നും, 25 ശതമാനം തുക മുന്‍കൂറായി നൽകണമെന്നും കമ്പിനി അറിയിച്ചിരുന്നു. പക്ഷെ കൊല്ലം നഗരസഭാ കൗണ്‍സില്‍ യോഗം ഈ ആവശ്യത്തെ എതിർത്തു. പിന്നീട് വീണ്ടും ടെന്‍ഡര്‍ വിളിച്ച് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബല്‍ എന്‍വയോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് മാലിന്യം നീക്കാനുള്ള കരാർ നൽകി. 11.85 കോടി രൂപയ്ക്കായിരുന്നു കരാർ നൽകിയത്. നിലവിൽ ഇവിടത്തെ ബയോമൈനിങ് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.