കൂടരഞ്ഞി കൊലപാതകം; കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി മോഹനൻ; ചുരുളഴിയുന്നത് 40 വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ
കോഴിക്കോട് കൂടരഞ്ഞിയിൽ 1986-ൽ നടന്ന കൊലപാതകക്കേസിൽ നാല് പതിറ്റാണ്ടിന് ശേഷം നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്ന് തിരുവമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
കഴിഞ്ഞവർഷമാണ് താൻ ഒരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തി പ്രതിയായ മുഹമ്മദ് രംഗത്തെത്തിയത്. രണ്ട് കൊലപാതകം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യർത്ഥനയും. തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയ്യാറാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നു. ചോദ്യം ചെയ്യലുകളും പഴയ രേഖകളും പത്രവാർത്തകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൊല്ലപ്പെട്ടയാളെ മോഹനനായി തിരിച്ചറിഞ്ഞിരിക്കുന്നത്.
1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി.
1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടിൽ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിരുന്നു
അതിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്
