കോവളം സ്പാ പീഡനക്കേസ്: ചെങ്കൽപേട്ടിലും പീഡനം നടന്നുവെന്ന് ഇര; തമിഴ്നാട്ടിലും കേസെടുക്കാൻ നടപടി
കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലുള്ള സ്പായിൽ എത്തിച്ചും പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകിയതിനെത്തുടർന്നാണ് തമിഴ്നാട്ടിലും കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു പീഡനങ്ങൾ നടന്നതെന്നാണ് ഇര വ്യക്തമാക്കിയിട്ടുള്ളത്.
ഇരയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്റ്റേഷനിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസിന് സംബന്ധമായ വിവരങ്ങൾ കേരള പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഗുഡുവാഞ്ചേരിയിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളിൽ അവിടത്തെ പൊലീസും വിശദമായ അന്വേഷണം നടത്തും.
അതേസമയം, കേസിൽ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം ഊർജിതമാക്കി. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കോവളത്തെ സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബിനാമി ബിസിനസാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. എന്നാൽ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരയുടെ ഇളയമ്മയും ഭർത്താവും പൊലീസുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിൽ ഇവർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ ജയിലിലുള്ള ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
