കോവളം സ്പാ പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ, കൂടുതൽ പേർ പിടിയിലായേക്കും
കോവളം സ്പാ പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് വല്ലിയൂർ സ്വദേശി വീരപാണ്ഡിയനാണ് പിടിയിലായത്. കേസിലെ 14-ാം പ്രതിയാണ് ഇയാൾ. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു.
സ്പായിൽ പലതവണ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കണ്ടെത്തൽ. സ്പായിൽനിന്ന് ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആദ്യം സ്പാ നടത്തിപ്പുകാരെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്ത പൊലീസ്, തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനത്തിന് ഇരയാക്കിയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പൊലീസ് സൂചന നൽകുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ജോലിക്കെന്ന പേരിൽ സ്പാകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ അതിക്രമം നടന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പീഡനം നടന്നതെന്നാണ് വിവരം.
പീഡനം സഹിക്കാനാകാതെ പെൺകുട്ടി കോവളത്ത് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങൾ വെളിപ്പെടുത്തി ഇയാൾക്കൊപ്പം പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതൃസഹോദരി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെൺകുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പുറത്തുവന്നു. 16 വയസും 20 വയസും രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകൾ പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നെങ്കിലും പരിശോധനയിൽ 16 വയസാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഷെൽട്ടറിലേക്ക് മാറ്റിയ പെൺകുട്ടിയുടെ കൗൺസിലിങ്ങിനിടെയാണ് ദീർഘകാലമായി നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്.
