കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം : കുത്തിവെപ്പിന് ശേഷം സൂചി ശരീരത്തിൽ കുടുങ്ങിയതായി പരാതി
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം . ആറന്മുള സ്വദേശിനിയായ 68 വയസ്സുകാരി വത്സലയാണ് പരാതിയുമായി മുന്നോട്ട് വന്നത്.കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സിറിഞ്ചിന്റെ സൂചിയുടെ ഭാഗം ശരീരത്തിനുള്ളിൽ കുടുങ്ങിയതായാണ് ആരോപണം. ഏകദേശം ഒരു വർഷത്തോളം സൂചി ശരീരത്തിൽ തുടരുകയായിരുന്നുവെന്നും, പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ അത് പൂർണമായി പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സൂചി പൂർണമായി നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
