കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ: ബലക്ഷയം പ്രതീക്ഷിച്ചതിലും ഏറെ; മദ്രാസ് ഐഐടി

  1. Home
  2. Kerala

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ: ബലക്ഷയം പ്രതീക്ഷിച്ചതിലും ഏറെ; മദ്രാസ് ഐഐടി

terminal


കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോർട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഐ.ഐ.ടി റിപ്പോർട്ട്. കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. 29.60 കോടിയോളം രൂപ ഇതിനായി ചെലവ് വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി.യുടെ പ്രാഥമികറിപ്പോർട്ട് വന്ന് 15 മാസങ്ങൾക്ക് ശേഷമാണ് അന്തിമറിപ്പോർട്ട് ഗതാഗത മന്ത്രിക്ക് നൽകിയത്. ഐ.ഐ.ടി. സ്ട്രക്ചറൽ വിഭാഗം മേധാവി പ്രൊഫ. അളകു സുന്ദരമൂർത്തിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഓരോ തൂണിലെയും വിള്ളലുകൾ അടയ്ക്കണം. സിമന്റും നിശ്ചിത മിശ്രിതങ്ങളും ചേർത്ത് തൂണിനുള്ളിലേക്ക് നിറയ്ക്കേണ്ടിവരും. കെട്ടിടത്തിന്റെ അരികിലുള്ള ഭാഗത്തിന് ബലമില്ലാത്തത് തൂണുകളെ ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. തൂണുകളുടെ കോൺക്രീറ്റും കമ്പികളുടെ ഉറപ്പുമെല്ലാം പരിശോധിച്ചിട്ടുണ്ട്. ടെർമിനലിന്റെ പൈലിങ്ങിന്റെ ബലവും പഠനവിധേയമാക്കി. 18 മുതൽ 20 മീറ്റർവരെ താഴ്ച പൈലിങ്ങിനുണ്ട്. ബലപ്പെടുത്തുമ്പോൾ പൈലിങ്ങിന് അത് താങ്ങാൻ ശേഷിയുണ്ടോ എന്നകാര്യമാണ് പരിശോധിച്ചത്. പുതിയ റിപ്പോർട്ട് അന്തിമമായി അംഗീകരിച്ചാൽ സർക്കാർ ടെൻഡർ വിളിച്ച് ബലപ്പെടുത്തലിലേക്ക് കടക്കും.