കോഴിക്കോട് കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് MBBS വിദ്യാർഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ് (MBBS) വിദ്യാർഥികൾ മരിച്ചു. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ നന്ദ കിഷോർ (കൊല്ലം), അഭിയാൻ (കായംകുളം), അഭിനവ് (പാലക്കാട്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 1:30-ഓടെയാണ് അപകടമുണ്ടായത്.
വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ അടുത്തുള്ള കാനയിലേക്ക് മറിഞ്ഞു. ആ സമയം പാതയോരത്തെത്തിയ മറ്റ് വാഹനയാത്രക്കാരാണ് ഇവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
