കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് ബീച്ചിനു സമീപം പുതിയകടവിൽ ഏഴ് വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് ഇവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ചാക്കിൽ കയറ്റി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന കുട്ടികൾ ബഹളം വയ്ക്കുകയായിരുന്നു. ബീച്ച് ഭാഗത്തേക്ക് ഓടിയ ഇവരെ നാട്ടുകാർ പിടികൂടി. ശേഷം പൊലീസിനു കൈമാറുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം ഇവർ ചാക്കുമായി നടന്നുപോകുന്നതും കുട്ടികൾ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.