കോഴിക്കോട് യുവതി വീട്ടിൽ പ്രസവിച്ചു; നവജാതശിശു മരിച്ചു

  1. Home
  2. Kerala

കോഴിക്കോട് യുവതി വീട്ടിൽ പ്രസവിച്ചു; നവജാതശിശു മരിച്ചു

baby


കോഴിക്കോട് കുന്ദമംഗലത്ത് 23 വയസ്സുള്ള അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ നവജാതശിശു മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വീട്ടുകാർ അറിയാതെയായിരുന്നു യുവതിയുടെ പ്രസവം. താൻ ഗർഭിണിയാണെന്ന വിവരം യുവതി വീട്ടുകാരെപ്പോലും അറിയിക്കാതെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രസവത്തിന് പിന്നാലെ യുവതിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരാണ് വിവരം അറിയുന്നത്. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.