സര്‍ക്കാരിന്റെ 100 ദിനം ഗംഭീര വിജയമെന്ന് കെപിസിസി, ജനങ്ങള്‍ പൂര്‍ണ തൃപ്തരെന്ന് സണ്ണി ജോസഫ്

  1. Home
  2. Kerala

സര്‍ക്കാരിന്റെ 100 ദിനം ഗംഭീര വിജയമെന്ന് കെപിസിസി, ജനങ്ങള്‍ പൂര്‍ണ തൃപ്തരെന്ന് സണ്ണി ജോസഫ്

sunny joseph


യു.ഡി.എഫ് സർക്കാരിന്റെ നൂറു ദിനം ഗംഭീര വിജയമായിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തിയതായി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണത്തിൽ ജനങ്ങൾ പൂർണ തൃപ്തരാണ്. ഓണക്കിറ്റും പച്ചക്കറികളും സുലഭമാക്കിയും ടൂറിസം പരിപാടികൾ ഗംഭീരമാക്കിയും ഓണാഘോഷങ്ങൾ നന്നാക്കാൻ കഴിഞ്ഞു. 'ഓപ്പറേഷൻ തൂഫാൻ', വയനാട് പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയും വൻ വിജയമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈദ്യുതി മേഖലയിലെ മുൻ കരാറുകൾ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഇത് പരിഹരിക്കാൻ ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ വിഭജിച്ച കേന്ദ്ര നടപടിക്കെതിരെ എം.പിമാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുമെന്നും ബോർഡ്-കോർപ്പറേഷൻ വിഭജനം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങൾ ജനാധിപത്യ വിരുദ്ധവും ഭീഷണിയുടെ സ്വരത്തിലുള്ളതുമാണെന്ന് സണ്ണി ജോസഫ് വിമർശിച്ചു. സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പിണറായി വിജയന്റെ നിലപാടും തമ്മിലുള്ള വ്യത്യാസം പാർട്ടി ജനറൽ സെക്രട്ടറി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ മദ്യനയം പാർട്ടി ചർച്ച ചെയ്ത ശേഷമേ പ്രഖ്യാപിക്കൂ എന്നും സി.പി.ഐ നടത്തുന്ന അവകാശ പോരാട്ടങ്ങൾക്ക് ധാർമിക പിന്തുണ നൽകുമെന്നും വർക്കിംഗ് പ്രസിഡന്റുമാർക്കൊപ്പം പങ്കെടുത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.