'എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് അറിയാം'; വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ പവർ കട്ട്

  1. Home
  2. Kerala

'എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് അറിയാം'; വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ പവർ കട്ട്

sunny joseph


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, കെ.എസ്.ഇ.ബി ജീവനക്കാരുടെ സമ്മേളനത്തിൽ സംസാരിക്കവെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടയിലും 'പവർ കട്ട്'. കൊച്ചിയിൽ നടന്ന കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളന വേദിയിലാണ് അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. എന്നാൽ സാഹചര്യത്തെ ചാതുര്യത്തോടെ നേരിട്ട മന്ത്രി, "എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് അറിയാം" എന്ന് ഇരുട്ടിൽ നിന്നുകൊണ്ട് തമാശരൂപേണ പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തെക്കുറിച്ചും മന്ത്രി സമ്മേളനത്തിൽ വിശദീകരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളതെന്നും, നിർമാണ പ്രവർത്തനങ്ങളുടെ വർധനവ്, എ.സി, ഫാൻ എന്നിവയുടെ ഉപയോഗം, രാത്രികാലങ്ങളിലെ ഇ-വാഹന ചാർജിങ് എന്നിവ പീക്ക് അവറുകളിലെ ആവശ്യകത കുത്തനെ കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

കൽക്കരി ക്ഷാമവും വിപണിയിലെ വിലക്കയറ്റവും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് നിലവിൽ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കിക്ക് ശേഷം മറ്റ് വൻകിട ജലവൈദ്യുതി പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതാണ് സ്വയംപര്യാപ്തതയ്ക്ക് തടസ്സമായതെന്നും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.