കെഎസ്ആർടിസി ബസ് മോഷ്ടിച്ച് നഗരത്തിൽ ഓടിച്ചു; മതിലുകളിലും കടകളിലും ഇടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ്
പാലക്കാട് സർവീസ് കഴിഞ്ഞ് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് അജ്ഞാതൻ മോഷ്ടിച്ചു. ശേഷം നഗരത്തിലൂടെ ഓടിച്ച ശേഷം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പാലക്കാട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഞായറാഴ്ച പുലർച്ചെയോടെ മോഷണത്തിനിരയായത്. ശനിയാഴ്ച രാത്രിയിലെ സർവീസ് അവസാനിച്ച ശേഷം ഡിപ്പോയ്ക്ക് പുറത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് സമീപത്തെ റോഡിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. അതിരാവിലെ മറ്റ് ജീവനക്കാർ നോക്കിനിൽക്കെയാണ് അജ്ഞാതൻ ബസുമായി കടന്നുകളഞ്ഞത്.പാലക്കാട് ടൗണിലൂടെ വാഹനമോടിച്ചതിനിടെ പല തവണ മതിലിലും കടകളുടെ ഭിത്തികളിലും ബസ് ഇടിച്ചു. തുടർന്ന് ബസ് വഴിയരികിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്
