വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കും; യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് മന്ത്രി
വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകളും ഡിപ്പോ സൗകര്യങ്ങളും വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചു. മലബാർ മേഖലകളിൽ കെഎസ്ആർടിസി താരതമ്യേന വളരെ കുറവാണെന്ന വസ്തുത അംഗീകരിക്കുന്നെന്നും മലബാർ മേഖല നേരിടുന്ന ഈ വലിയ യാത്രാ പ്രതിസന്ധിയും വിവേചനവും ഗൗരവമായി കണ്ട് എത്രയും വേഗം പരിഹാരം കാണുമെന്നും ഗതാഗതമന്ത്രി പറഞ്ഞു
സ്ത്രീകൾക്കായി കെഎസ്ആർടിസിയിൽ ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസിയുടെ ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവീസുകളുടെ കാര്യത്തിൽ ഇത് 33 ശതമാനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യം ഗൗരവമായി കണ്ട് കൂടുതൽ സർവീസുകളും ഡിപ്പോ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിലവിൽ നാമമാത്രമായ കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. ഇതുമൂലം സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം മലബാറിലെ വലിയൊരു വിഭാഗം സ്ത്രീകൾക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അഭിപ്രായപ്പെട്ടു.
ഈ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാനും പ്രാദേശിക അസന്തുലിതാവസ്ഥ ഒഴിവാക്കാനും വടക്കൻ ജില്ലകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
