കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ഇനി ഇനി വാട്‌സ്ആപ്പിലൂടെ; സേവനം ഉദ്ഘാടനം ചെയ്തു
കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പിലൂടെ നേരിട്ട് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനത്തിന് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ആണ് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകുന്ന ഈ സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 9447071021 എന്ന വാട്‌സ്ആപ്പ് നമ്പർ വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് നടത്താൻ സാധിക്കുക.
പ്രത്യേക ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ യാത്ര ചെയ്യുന്ന ദിവസം, പുറപ്പെടുന്ന സ്ഥലം, എത്തേണ്ട സ്ഥലം എന്നിവ നൽകിയാൽ ലഭ്യമായ സർവീസുകളുടെ വിവരങ്ങൾ ലഭിക്കും. അതിൽ നിന്നും അനുയോജ്യമായ സമയത്തെ ബസ് തിരഞ്ഞെടുത്ത് സീറ്റ് ഉറപ്പാക്കാവുന്നതാണ്.
ഇതിനൊപ്പം യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനവും നിലവിൽ വന്നു. മുൻപ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതിനെ തുടർന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ, കെഎസ്ആർടിസിയുടെ കൊറിയർ സേവനം ഇനിമുതൽ സ്വന്തം നിലയ്ക്ക് നേരിട്ട് നടത്താനും തീരുമാനമായിട്ടുണ്ട്.
