കെ.എസ്.ആർ.ടി.സി ടിക്കറ്റ് ഇനി വാട്സ്ആപ്പിലും; പുതിയ ഡിജിറ്റൽ സേവനം ഉടൻ
കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും.
മെട്രോ റെയിലിന്റെ മാതൃകയിൽ എ.ഐ. അധിഷ്ഠിത ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെ.എസ്.ആർ.ടി.സി സജ്ജമാക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് ചാറ്റിലൂടെ യാത്ര ചെയ്യേണ്ട സ്ഥലവും മറ്റ് വിവരങ്ങളും നൽകി യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി ലഭിക്കാനും സാധിക്കും.
വിവിധ ഭാഷകൾക്കൊപ്പം 'മംഗ്ലീഷി'ലും സേവനം ലഭ്യമാകുമെന്നതാണ് ചാറ്റ്‌ബോട്ടിന്റെ പ്രധാന പ്രത്യേകത. സാങ്കേതിക പരിജ്ഞാനം കുറവുള്ളവർക്കും ലളിതമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്
