അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കെഎസ്‌യു-പോലീസ് ഏറ്റുമുട്ടൽ; വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധം

  1. Home
  2. Kerala

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കെഎസ്‌യു-പോലീസ് ഏറ്റുമുട്ടൽ; വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധം

ksu


അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിങ്കളാഴ്ച രാവിലെ കോളേജ് കാമ്പസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിലുള്ള ഉന്തും തള്ളുമുണ്ടായി. സമരത്തിനെത്തിയ ഒരു വനിതാ പ്രവർത്തകയെ പോലീസ് വലിച്ചിഴച്ച് വാനിലേക്ക് കയറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

നിതിൻരാജ് മരണത്തിന് മുൻപ് അയച്ച വോയിസ് നോട്ടുകൾ അധ്യാപകരുടെ പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഇന്റേണൽ മാർക്കിന്റെ പേരിൽ അധ്യാപകർ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ശബ്ദസന്ദേശത്തിലുണ്ട്. എച്ച്.ഒ.ഡി റാം, അധ്യാപിക സംഗീത എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. വിദ്യാർഥികളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഇവർ തരംതിരിക്കാറുണ്ടെന്ന് നിതിൻരാജിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തി. നിലവിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്നിട്ടും കുറ്റവാളികളെ പിടികൂടാൻ വൈകുകയാണെന്നും കെഎസ്‌യു ആരോപിച്ചു. കുറ്റക്കാരായ അധ്യാപകരെ ഇനി കോളേജിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംഘടന. അതേസമയം, സംഭവത്തിൽ മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്ന് കെഎസ്‌യു നേതാക്കൾ വ്യക്തമാക്കി.