'എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാര്‍'; സി.പി.ഐക്കെതിരെ കെ.ടി ജലീല്‍

  1. Home
  2. Kerala

'എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാര്‍'; സി.പി.ഐക്കെതിരെ കെ.ടി ജലീല്‍

k t jaleel


 


സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി കെ.ടി ജലീല്‍ എം.എല്‍.എ. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വ്വം ആലോചിച്ചാല്‍ നന്നാകും. യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ 'അസുഖം' വേറെയാണ്. അതിനുള്ള ചികില്‍സ വേറെത്തന്നെ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സിപിഎം സ്വതന്ത്ര എംഎല്‍എമാരായ പി.വി. അന്‍വറിനും കെ.ടി.ജലീലിനും എതിരെ വിമര്‍ശനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മതനിരപേക്ഷ മനസ്സുകളെ ജലീലും അന്‍വറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമര്‍ശനം.

ജലീല്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ മത നിരപേക്ഷ മനസ്സുകളെ അകറ്റിയെന്നും ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്‍വര്‍ അപഹാസ്യമാക്കിയെന്നും അഭിപ്രായമുയര്‍ന്നിരുന്നു. മത സാമുദായിക ശക്തികളോട് സര്‍ക്കാര്‍ അനാവശ്യ മമത കാണിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.